മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. നടക്കാനിരിക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ അദ്ദേഹത്തെ അറിയിച്ചു.
ക്രെംലിനിലെ സെനറ്റ് കൊട്ടാരത്തിലെ പ്രതിനിധി ഓഫീസിൽ വച്ച് പുടിൻ ജയ്ശങ്കറിനെ സ്വീകരിച്ചതായി റഷ്യൻ വാർത്ത ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
"ഇന്ന് മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് പുടിനെ സന്ദർശിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ അദ്ദേഹത്തെ അറിയിച്ചു'- ജയ്ശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വരാനിരിക്കുന്ന വാർഷിക ഇന്ത്യ-റഷ്യ ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ അദ്ദേഹത്തെ അറിയിച്ചു. പ്രാദേശിക, ആഗോള സംഭവവികാസങ്ങളും ചർച്ച ചെയ്തു. നമ്മുടെ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും മാർഗനിർദ്ദേശങ്ങളെയും ആഴത്തിൽ വിലമതിക്കുന്നു'- മന്ത്രി കൂട്ടിച്ചേർത്തു.
ജയ്ശങ്കറിനൊപ്പം ഇന്ത്യൻ അംബാസഡർ വിനയ് കുമാറും ജോയിന്റ് സെക്രട്ടറി മായങ്ക് സിംഗും ഉണ്ടായിരുന്നു. യോഗത്തിൽ പ്രസിഡൻഷ്യൽ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഹെഡ് മാക്സിം ഒറെഷ്കിൻ, പ്രസിഡൻഷ്യൽ സഹായി യൂറി ഉഷാക്കോവ്, സാമ്പത്തിക വികസന മന്ത്രി മാക്സിം റെഷെറ്റ്നിക്കോവ്, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആൻഡ്രി റുഡെൻകോ എന്നിവർ പങ്കെടുത്തു.
വർഷാവസാനത്തിൽ പുടിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വാർഷിക ഉച്ചകോടി ചർച്ചകൾ നടത്താൻ വ്ളാഡിമിർ പുടിൻ ഡിസംബർ അഞ്ചിന് ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.